പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാല സഖിയിലെ നായകന്‍ മമ്മൂട്ടിയെ പ്രണയിക്കുന്നതിന് വയസ്സ് ഒരു തടസ്സമല്ലെന്ന് തെന്നിന്ത്യന്‍ താരം ഇഷാ തല്‍വാര്‍. മലയാളത്തിലെ തട്ടത്തിന്‍ മറയത്ത് ഹിറ്റായതോടെയാണ് ഇഷാ തല്‍വാറിന്റെ സമയം തെളിഞ്ഞത്. പിന്നീട് തമിഴിലും തെലുങ്കിലുമായി ചിത്രങ്ങള്‍ ലഭിക്കാന്‍ തുടങ്ങി.
ബാല്യകാല സഖിയില്‍ ഇഷയ്ക്ക് നായികാപ്രാധാന്യമുള്ള വേഷമാണ് ലഭിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവല്‍ ബാല്യകാല സഖിയാണ് ചിത്രീകരിക്കുന്നത്. നോവലിലെ മജീദായി മമ്മൂട്ടിയും സുഹറയായി ഇഷാ തല്‍വാറുമാണ് വേഷമിടുന്നത്. പ്രണയത്തിന് പ്രാധാന്യം നല്‍കിയുള്ളതാണ് ബാല്യകാലസഖി. ഈ അവസരത്തിലാണ് ബാല്യകാല സഖിയില്‍ മമ്മൂട്ടിയുടെ പ്രണയിണിയായി അഭിനയിക്കാന്‍ വയസ്സ് പ്രശ്നമല്ലെന്ന് ഇഷ പ്രതികരിച്ചത്. ബാല്യകാല സഖിയ്ക്ക് പുറമെ റെഡ് എന്ന മലയാള ചിത്രത്തിലും നായിക വേഷം ചെയ്യുന്നത് ഇഷാ തല്‍വാറാണ്.
ഈ വര്‍ഷം മൂന്നു ഭാഷകളിലായി ആറോളം ചിത്രങ്ങള്‍ ഇഷയ്ക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ മുസ്ലീം പെണ്‍കുട്ടിയായി വീണ്ടും അഭിനയിക്കുന്നതില്‍ ഭയമില്ലേ എന്ന് ചോദിച്ചപ്പോള്‍ ബാല്യകാല സഖി നോവല്‍ വായിച്ചെന്നും തട്ടത്തിന്‍മറയത്തിലെ ആയിഷയില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് ബാല്യകാല സഖിയിലെ സുഹറയെന്നും ഇഷാ തല്‍വാര്‍ പറഞ്ഞു. ഇത്തരം വേഷങ്ങള്‍ ചെയ്യുന്നത് തനിക്ക് പ്രശ്നമല്ലെന്നും ഇഷാ വ്യക്തമാക്കി.
ബാല്യകാല സഖിയില്‍ ഇഷയെ (സുഹറ)പ്രണയിക്കുന്നത് മുതിര്‍ന്ന താരം മമ്മൂട്ടിയാണ്, വയസ്സിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമില്ലെ എന്ന് ചോദിച്ചപ്പോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് തന്നെ വലിയ ഭാഗ്യമണെന്ന് ഇഷ പ്രതികരിച്ചു. സിനിമയില്‍ പ്രണയത്തിന് വയസ്സുകള്‍ തമ്മിലുള്ള അന്തരം പ്രശ്നമാണെന്ന് തോന്നുന്നില്ലെന്നും ഇഷ പറഞ്ഞു.